ഷോളയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
Saturday, October 19, 2024 11:31 PM IST
തൃശൂർ: ജലനിരപ്പ് ഉയർന്നതിനാൽ ഷോളയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഡാമിൽ 2662.10 അടിയാണ് നിലവിലെ ജലനിരപ്പ്. ഞായറാഴ്ച രാവിലെ ആറിനും വൈകുന്നേരം ആറിനും ഇടയിൽ ഷട്ടറുകൾ തുറന്നേക്കും എന്നാണ് സൂചന.
ഘട്ടം ഘട്ടമായി 100 ക്യുമെക്സ് ജലം പുറത്തുവിടാനാണ് നിലവിലെ തീരുമാനം. ഷോളയാര്‍ ഡാമിലെ റേഡിയല്‍ ഗേറ്റുകള്‍ തുറക്കുന്നതുമൂലം പൊരിങ്ങൽക്കുത്ത് ഡാമിലൂടെ അധികജലം ഒഴുകിവന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു.
ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.