സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ഡീലാണെന്ന് കെ. സുരേന്ദ്രൻ
Saturday, October 19, 2024 2:16 PM IST
പാലക്കാട്: കേരള രാഷ്രീയത്തിലെ ഗതി മാറ്റത്തിനു തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എൻഡിഎയുടെ ശരിയായ മൂന്നാം ബദൽ കേരളമാകെ സ്വീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ഡീലാണ്. കണ്ണൂരിലെ പെട്രോൾ പമ്പിന് സ്ഥലം ലഭിക്കാൻ ഇടപെട്ടത് ഡിസിസി ഭാരവാഹിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കോൺഗ്രസിൽ കെ. സുധാകരന്റെയും മുരളീധരന്റെയും ചാണ്ടി ഉമ്മന്റെയും രമേശ് ചെന്നിത്തലയുടെയുമൊക്കെ സ്ഥിതി എന്താണെന്ന് അദ്ദേഹം ചോദിച്ചു. ആ പാർട്ടിയെ ഒരു മാഫിയ സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണ്.
പാലക്കാട് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിൽ സിപിഎം പടവലങ്ങ പോലെ താഴോട്ടാണ്. ഇ. ശ്രീധരൻ പാലക്കാട് തോറ്റത് ആരുടെ ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം ചോദിച്ചു. അന്ന് ഷാഫി ജയിച്ചപ്പോൾ കോൺഗ്രസിനേക്കാൾ കൂടുതൽ ചിരിച്ചത് സിപിഎമ്മുകാരാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.