സുജിത് ദാസിനെതിരായ പീഡന പരാതി; 10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം: ഹൈക്കോടതി
Friday, October 18, 2024 11:49 PM IST
കൊച്ചി: മുൻ മലപ്പുറം എസ്പി സുജിത് ദാസും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രതികളായ പീഡന പരാതിയിൽ പത്തു ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. പൊന്നാനി സ്വദേശിനിയുടെ പരാതിയിൽ ഉടൻ തീരുമാനം എടുക്കണമെന്നാണ് നിർദേശം.
വീട്ടമ്മ നൽകിയ പരാതി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി നിർദേശം. പീഡന ആരോപണത്തിൽ മജിസ്ട്രേറ്റ് കോടതിയിലടക്കം പരാതി നൽകിയിട്ടും കേസ് എടുത്തിട്ടില്ലെന്നായിരുന്നു ഹർജിയിൽ വീട്ടമ്മയുടെ ആക്ഷേപം. 2022ൽ കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതിയുമായാണ് വീട്ടമ്മ പോലീസിനെ സമീപിച്ചത്.
പൊന്നാനി എസ്എച്ച്ഒ, ഡിവൈഎസ്പി ബെന്നി, മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് അടക്കമുള്ളവർ പീഡിപ്പിച്ചെന്നാണ് പരാതി. സുജിത് ദാസ് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതി കള്ളമെന്ന് സർക്കാർ ഹൈക്കോടതിയിൽ നേരത്തെ സത്യവാംഗ്മൂലം നൽകിയിരുന്നു.