ദ്രാവിഡ പാർട്ടികൾ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുന്നു: ഗവർണർ
Friday, October 18, 2024 10:50 PM IST
ചെന്നൈ: ഹിന്ദി മാസാചരണ വിവാദത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ വിമർശനവുമായി ഗവർണർ ആർ.എൻ.രവി. ദ്രാവിഡ പാർട്ടികൾ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുകയാണ്. ഹിന്ദിയ്ക്കെതിരെ നടത്തുന്ന വിമർശനങ്ങൾ കേവലം കാരണങ്ങൾ മാത്രമാണെന്നും ഗവർണർ പറഞ്ഞു.
ഏതാനും വർഷങ്ങളായി സംസ്ഥാനത്ത് ഹിന്ദി പഠിക്കാൻ ജനങ്ങളിൽ ആഗ്രഹം വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈ ദൂരദർശന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് ഹിന്ദി മാസാചരണം സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു ഗവർണറുടെ വിമർശനം.
ഗവർണർ ആര്യനാണോ എന്നായിരുന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രതികരണം. ഹിന്ദി മാസാചരണത്തിന്റെ പേരിൽ തമിഴ്നാട്ടിലെ മനുഷ്യർക്കിടയിലെ ഐക്യം തകർക്കാൻ നോക്കരുത്. ഗവർണർക്ക് ദ്രാവിഡ അലർജിയാണ്. ദേശീയ ഗാനത്തിൽ നിന്നു ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കാൻ പറയുമോ എന്നും അദ്ദേഹം ചോദിച്ചു.