എം.എം.ലോറൻസിന്റെ മൃതദേഹം എന്തു ചെയ്യണം; ഹൈക്കോടതി 23 ന് വിധി പറയും
Friday, October 18, 2024 4:48 PM IST
കൊച്ചി: മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം എന്തു ചെയ്യണമെന്ന കാര്യത്തിൽ ഹൈക്കോടതി 23 ന് വിധി പറയും. നിലവിൽ കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലുള്ള മൃതദേഹം അതുവരെ അവിടെ സൂക്ഷിക്കും.
മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതിയാണ് വിധി ഈ മാസം 23ന് പറയുമെന്ന് വ്യക്തമാക്കിയത്. ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടാണ് ആശ കോടതിയെ സമീപിച്ചത്.
മകന് എം.എൽ.സജീവനും മറ്റൊരു മകളായ സുജാതയും മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാൻ തീരുമാനിച്ചതിന് എതിരെ ആയിരുന്നു ഇത്. ഇക്കാര്യത്തിൽ കളമശേരി മെഡിക്കൽ കോളജിനോട് ഹിയറിംഗ് നടത്തി തീരുമാനം അറിയിക്കാൻ ജസ്റ്റീസ് വി.ജി.അരുൺ നിർദേശിച്ചു.
എന്നാൽ ശരിയായ രീതിയിൽ അല്ല ഹിയറിംഗ് നടത്തിയത് എന്നു ചൂണ്ടിക്കാട്ടി ആശ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.