നവീന്റെ യാത്രയയ്പ്പ് ചടങ്ങിലേക്ക് കളക്ടറാണ് ക്ഷണിച്ചത്; മുൻകൂർ ജാമ്യാപേക്ഷ നൽകി ദിവ്യ
Friday, October 18, 2024 3:54 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യപേക്ഷ നൽകി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. നവീൻ ബാബുവിന്റെ യാത്രയയ്പ്പ് ചടങ്ങിലേക്ക് ജില്ലാ കളക്ടറാണ് തന്നെ ക്ഷണിച്ചതെന്ന് ദിവ്യ ജാമ്യ ഹർജിയിൽ പറയുന്നു.
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യപേക്ഷ നൽകിയത്. ജില്ലാ കളക്ടർ അരുണ്‍ കെ. വിജയനും താനും മറ്റൊരുപരിപാടിയിൽ പങ്കെടുത്തപ്പോൾ നവീൻ ബാബുവിന്റെ യാത്രയയ്പ്പ് ഉണ്ടെന്ന് ജില്ലാ കളക്ടറാണ് തന്നെ അറിയിച്ചത്. ഇതേതുടർന്നാണ് ഈ പരിപാടിയിലേക്ക് എത്തിയതെന്നും ദിവ്യ ഹർജിയിൽ പറയുന്നു.
തന്റെ സംസാരം സദുദ്ദേശപരമായിരുന്നു. പ്രസംഗിച്ചത് ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഉദ്ദേശിച്ചല്ല. ഫയലുകൾവച്ചു താമസിപ്പിക്കുന്നുവെന്ന പരാതി നേരത്തെയും നവീനെതിരെ ഉണ്ടായിരുന്നു. പ്രശാന്തൻ മാത്രമല്ല ഗംഗാധരൻ എന്നയാളും തന്നോട് പരാതി പറഞ്ഞിരുന്നു. ഫയൽ നീക്കം വേഗത്തിൽ വേണമെന്ന് ചൂണ്ടികാട്ടുകയായിരുന്നു.
അന്വേഷണത്തിൽനിന്ന് താൻ ഒളിച്ചോടില്ലെന്നും മുൻകൂർ ജാമ്യം വേണമെന്നും ഹർയിൽ ആവശ്യപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള അച്ഛൻ അടക്കം വീട്ടിലുണ്ടെന്നും ഇത്തരം സാഹചര്യങ്ങളും പരിശോധിക്കണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.
നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലെ പ്രസംഗവും ദിവ്യ കോടതിയൽ ഹാജരാക്കി.