വനിതാ സഖാവ് പാഠം പഠിച്ചെന്ന് കരുതുന്നുവെന്ന് ബിനോയ് വിശ്വം
Friday, October 18, 2024 11:17 AM IST
തിരുവനന്തപുരം: പൊതുപ്രവർത്തകർക്ക് അധികാരം കൈവരുന്പോൾ ആ അധികാരത്തിന്റെ ധാർഷ്ഠ്യത്തിൽ എന്തു പറയാം എന്തും ചെയ്യാം എന്ന അവസ്ഥ നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണമുനയിലായിരുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പുറത്താക്കിയതിനോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
ഇടതുപക്ഷ പ്രവർത്തകർ അധികാരത്തിൽ വരുന്പോൾ ആ അധികാരത്തിന്റെ ഹുങ്കിൽ അവർ ഇതുപോലെ പെരുമാറുന്നത് തെറ്റാണെന്നാണ് ആ സംഭവം മുന്നോട്ടുവയ്ക്കുന്നത്. അതിന്റെ വിലപ്പെട്ട പാഠങ്ങൾ എല്ലാവരും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പക്കാരിയായ സഖാവ് പാഠം ഉൾകൊള്ളുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.