യഹ്യ സിൻവറിന്റെ മരണം; ഗാസയിലെ സംഘർഷത്തിന്റെ അവസാനത്തിന്റെ ആരംഭമെന്ന് നെതന്യാഹു
Friday, October 18, 2024 5:43 AM IST
ജറുസലേം: ഹമാസ് തലവൻ യഹ്യ സിൻവറിന്റെ കൊലപാതകം ഗാസയിലെ സംഘർഷത്തിന്റെ അവസാനത്തിന്റെ തുടക്കമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
യഹ്യ സിൻവർ മരിച്ചു. ഇസ്രായേൽ പ്രതിരോധ സേനയിലെ ധീരരായ സൈനികരാണ് അദ്ദേഹത്തെ റാഫയിൽ വധിച്ചത്. ഇത് ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ലെങ്കിലും, ഇത് അവസാനത്തിന്റെ തുടക്കമാണ്. നെതന്യാഹു പറഞ്ഞു.
അതേസമയം, യഹ്യ സിൻവറിനെ ഇസ്രായേൽ കൊലപ്പെടുത്തിയ സംഭവത്തെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. ഇത് ലോകത്തിന് ഒരു "നല്ല ദിവസമാണ്' എന്ന് ജോ ബൈഡൻ പറഞ്ഞു. ഗാസ വെടിനിർത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള ഒരു പ്രധാന തടസം നീങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിനന്ദിക്കാനും ബന്ദികളെ മോചിപ്പിക്കാനും സംഘർഷം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുമുള്ള വഴി ചർച്ച ചെയ്യാനും താൻ ഉടൻ തന്നെ നെതന്യാഹുവുമായി സംസാരിക്കുമെന്ന് ബൈഡൻ പറഞ്ഞു.
2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനെ ഇസ്രയേൽ കൊലപ്പെടുത്തിയത് “ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള” അവസരമാണെന്ന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി വൈസ് പ്രസിഡന്റ് കമല ഹാരിസും പറഞ്ഞു.