"ഇസ്രയേലിനും അമേരിക്കയ്ക്കും ലോകത്തിനും നല്ല ദിനം'; യഹ്യ സിൻവറിന്റെ മരണത്തിൽ പ്രതികരിച്ച് ജോ ബൈഡൻ
Friday, October 18, 2024 1:55 AM IST
വാഷിംഗ്ടൺ ഡിസി: ഹമാസ് നേതാവ് യഹ്യ സിൻവറിനെ ഇസ്രായേൽ കൊലപ്പെടുത്തിയ സംഭവത്തെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇത് ലോകത്തിന് ഒരു "നല്ല ദിവസമാണ്' എന്ന് ജോ ബൈഡൻ പറഞ്ഞു. ഗാസ വെടിനിർത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള ഒരു പ്രധാന തടസം നീങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇത് ഇസ്രായേലിനും അമേരിക്കയ്ക്കും ലോകത്തിനും ഒരു നല്ല ദിവസമാണ്.' വാർത്ത പുറത്തുവന്നപ്പോൾ ജർമനിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.
അഭിനന്ദിക്കാനും ബന്ദികളെ മോചിപ്പിക്കാനും സംഘർഷം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുമുള്ള വഴി ചർച്ച ചെയ്യാനും താൻ ഉടൻ തന്നെ നെതന്യാഹുവുമായി സംസാരിക്കുമെന്ന് ബൈഡൻ പറഞ്ഞു.
2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനെ ഇസ്രയേൽ കൊലപ്പെടുത്തിയത് “ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള” അവസരമാണെന്ന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി വൈസ് പ്രസിഡന്റ് കമല ഹാരിസും പറഞ്ഞു.
ഹമാസിന്റെ പരമോന്നത നേതാവ് യഹ്യ സിൻവർ വധിക്കപ്പെട്ടതായി ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് ആണ് സ്ഥിരീകരിച്ചത്. ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സിൻവറിനെ ബുധനാഴ്ച ഇസ്രേലി സേന വധിക്കുകയായിരുന്നുവെന്ന് കാറ്റ്സ് അറിയിച്ചു.
ഗാസയിൽ കൊല്ലപ്പെട്ട മൂന്നു തീവ്രവാദികളിലൊരാൾ സിൻവർ ആകാമെന്ന് ഇസ്രേലി സേന നേരത്തേ അറിയിച്ചിരുന്നു. ഡിഎൻഎ സാന്പിൾ അടക്കം പരിശോധിച്ചാണ് മരണം സ്ഥിരീകരിച്ചത്.
സിൻവറിന്റെ മരണത്തോടെ ഹമാസിന്റെ മുതിർന്ന നേതൃനിര തുടച്ചുനീക്കപ്പെട്ടു. മറ്റു മുതിർന്ന നേതാക്കളായ ഇസ്മയിൽ ഹനിയ, മുഹമ്മദ് ദെയിഫ് എന്നിവരെ ഇസ്രയേൽ നേരത്തേ വധിച്ചിരുന്നു.
ഇസ്മയിൽ ഹനിയ ജൂലൈ അവസാനം ടെഹ്റാനിൽ കൊല്ലപ്പെട്ടതോടെയാണു സിൻവർ ഹമാസിന്റെ പരമോന്നത നേതൃപദവിയായ പോളിറ്റ്ബ്യൂറോ ചെയർമാനായത്.
ഗാസയിലുള്ള ബന്ദികളെ പരിചയാക്കിയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്നു പറയുന്നു. സിൻവർ വധിക്കപ്പെട്ട സൈനിക നടപടിയിൽ ബന്ദികൾക്ക് അപായമില്ലെന്നാണ് ഇസ്രേലി സേന അറിയിച്ചത്.
ഗാസയിലെ ഖാൻ യൂനിസ് സ്വദേശിയായ സിൻവർ 22 വർഷം ഇസ്രേലി ജയിലിലായിരുന്നു. 2011ൽ ഹമാസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന ഗിലാദ് ഷാലിദ് എന്ന ഇസ്രേലി സൈനികനെ വിട്ടയയ്ക്കാൻ മോചിപ്പിക്കപ്പെട്ട 1,026 പലസ്തീൻ തടവുകാരിൽ ഒരാൾ സിൻവറായിരുന്നു.
2017 മുതൽ ഗാസയിലെ ഹമാസിന്റെ നേതൃചുമതല സിൻവറിനായിരുന്നു. ഈ പദവിയുണ്ടായിരുന്ന ഇസ്മയിൽ ഹനിയ പോളിറ്റ് ബ്യൂറോ ചെയർമാനായി ഉയർത്തപ്പെടുകയും ഗാസയിൽനിന്നു ഖത്തറിലേക്കു താമസം മാറ്റുകയും ചെയ്ത പശ്ചാലത്തിലായിരുന്നു ഇത്.