പൂരം കലക്കൽ; അന്വേഷണത്തിന് പ്രത്യേക സംഘമായി
Thursday, October 17, 2024 7:07 PM IST
തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി അന്വേഷിക്കുന്നതിന് പ്രത്യേക സംഘമായി. ലോക്കൽ പോലീസിലെയും സൈബർ ഡിവിഷനിലെയും വിജിലൻസിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്.
ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ് പ്രത്യേക സംഘത്തിന് നേതൃത്വം നൽകും. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി.രാജ് കുമാർ, വിജിലൻസ് ഡിവൈഎസ്പി ബിജു വി.നായർ ഇൻസ്പെക്ടർമാരായ ചിത്തരഞ്ചൻ, ആര്. ജയകുമാർ എന്നിവരും സംഘത്തിലുണ്ട്.
പൂരം കലക്കലിൽ ഡിജിപിയുടെ ശിപാർശയിൽ കഴിഞ്ഞ മൂന്നിനാണ് ത്രിതല അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഇതിലൊന്നാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്.അജിത്കുമാര്‍ നല്കിയ റിപ്പോര്‍ട്ട് ഡിജിപിയും ആഭ്യന്തര വകുപ്പും തള്ളിയതിനു പിന്നാലെയാണ് തുടരന്വേഷണത്തിനു തീരുമാനമായത്.
പൂരം കലക്കലുമായി ബന്ധപ്പെട്ട് എം.ആര്.അജിത് കുമാറിന് ഉണ്ടായ വീഴ്ചകള്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ച് എഡിജിപിയായിരിക്കും അന്വേഷിക്കുക. വിഷയത്തില്‍ ഇന്റലിജന്‍സ് മേധാവിയും അന്വേഷണം നടത്തുന്നുണ്ട്.