നവീന് ബാബുവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
Thursday, October 17, 2024 4:46 PM IST
പത്തനംതിട്ട: കണ്ണൂര് എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം നടത്തി. അദ്ദേഹത്തിന്റെ മക്കളായ നിരുപമയും നിരഞ്ജനയുമാണ് അന്ത്യകർമങ്ങൾ ചെയ്തതും ചിതയിലേക്കു തീ പകർന്നതും. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെയാണു വിലാപയാത്രയായി കളക്ടറേറ്റിലെത്തിച്ചത്.
തുടർന്ന് വീട്ടിലെത്തിച്ചു. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിനു പേരാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്കുകാണാൻ എത്തിയത്. മന്ത്രിമാരായ വീണാ ജോർജും കെ. രാജനും വീട്ടിലെത്തിയിരുന്നു. രാവിലെ മുതൽ കെ. രാജൻ വീട്ടിലുണ്ടായിരുന്നു. നവീൻ ബാബുവിന്റെ മൃതദേഹം ചിതയിലേക്കെടുത്തത് മന്ത്രി അടക്കമുള്ളവരാണ്.
മൃതദേഹത്തിന്റെ ഓരോ അറ്റത്തും മന്ത്രി രാജനും കെ. ജെനീഷ് കുമാർ എംഎൽഎയും മറ്റു ജനപ്രതിനിധികളും പിടിച്ചിരുന്നു. കണ്ണൂർ കളക്ടറേറ്റിൽ നടത്തിയ യാത്രയയപ്പ് യോഗത്തിൽവച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് നവീൻ ബാബു ജീവനൊടുക്കിയത്.