ഉപതെരഞ്ഞെടുപ്പുകളില്‍ കെ. മുരളീധരന് ഇറങ്ങുമോ, നേതൃത്വത്തിന് ആശങ്ക
Thursday, October 17, 2024 4:08 PM IST
കോഴിക്കോട്: തെരഞ്ഞെടുപ്പ് കാലങ്ങളില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ പ്രധാന പ്രചാരകരിലൊരാളായ കെ. മുരളീധരന് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി രംഗത്തിറങ്ങുമോ എന്ന കാര്യത്തില്‍ നേതൃത്വത്തിന് ആശങ്ക.
തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കെ. മുരളീധരനെ മൂന്നാംസ്ഥാനത്താക്കിയതില്‍ ആരോപണം നേരിടുന്ന കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്, മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ എന്നിവരുടെ പിന്തുണയോടെയാണ് ചേലക്കരയില്‍ രമ്യഹരിദാസ് സ്ഥാനാര്‍ഥിയായത്. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്ത കെപിസിസി സമിതിയുടെ റിപ്പോര്‍ട്ട് മാസങ്ങളായിട്ടും പുറത്തുവിട്ടിട്ടില്ല.
തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച് തൃശൂര്‍വിട്ടതാണ് കെ. മുരളീധരന്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ കെപിസിസി വൈകുന്നതില്‍ അദ്ദേഹം പ്രതിഷേധത്തിലാണ്. വയനാട് ഒഴിച്ചുള്ളിടത്തൊന്നും പ്രചാരണത്തിനിറങ്ങില്ലെന്ന് മുരളി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പാർട്ടി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ.പി. സരീന് പാലക്കാട് രംഗത്തുവന്നതോടെ ഇവിടത്തെ രാഷ്ട്രീയ സാഹചര്യം ആകെ മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശക്തമായ പ്രചാരണങ്ങളിലൂടെ മാത്രമേ പാലക്കാട് നിലനിര്‍ത്താന്‍ കഴിയൂ എന്ന ബോധ്യം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
കോണ്‍ഗ്രസിലെ ആളെ കൂട്ടാന്‍ കഴിയുന്ന നേതാവായ കെ. മുരളീധരനെ മൂന്നുമണ്ഡലങ്ങളിലും പ്രചാരണത്തിനെത്തിക്കാനുള്ള ശ്രമം നേതൃത്വം നടത്തുന്നുണ്ട്. നേരത്തെ പാലക്കാട് മല്‍സരിക്കാന്‍ കെ. മുരളീധരന് എത്തുമെന്ന തരത്തില്‍ വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും വി.ഡി. സതീശന്റെയും ഷാഫി പറമ്പിലിന്റെയും പൂര്ണപിന്തുണയില് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥിയായി എത്തുകയായിരുന്നു.