പ്രേംനസീറിന്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു
Thursday, October 17, 2024 3:29 PM IST
തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്റെ ആദ്യനായികയായ നെയ്യാറ്റിൻകര കോമളം (92) അന്തരിച്ചു. പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
അഞ്ചു ചിത്രങ്ങളിൽ മാത്രമാണ് കോമളം ആകെ അഭിനയിച്ചത്. കാട് പ്രമേയമാക്കി മലയാളത്തിൽ ആദ്യമായി പുറത്തിറങ്ങിയ ‘വനമാല’ ആണ് കോമളത്തിന്റെ ആദ്യ ചിത്രം. നസീറിനൊപ്പം അഭിനയിക്കുന്നത് ‘മരുമകൾ’ എന്ന ചിത്രത്തിലാണ്.
അന്നു 22 വയസുകാരാനായിരുന്ന നസീറിന്റെ പ്രഥമ ചിത്രവും കോമളത്തിന്റെ മൂന്നാമത്തെ ചിത്രവുമായിരുന്നു അത്. പിന്നീട് അത്മശാന്തി, സന്ദേഹി, ന്യൂസ് പേപ്പർ ബോയ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ശേഷം അഭ്രപാളികളോട് വിടപറഞ്ഞു.
നസീറിന്റെ ആദ്യ നായിക എന്ന നിലയിൽ ഒട്ടേറെ ആദരവുകളും പുരസ്കാരങ്ങളും പിന്നീട് കോമളത്തെ തേടിയെത്തി. 28 വർഷം മുൻപ് ‘അമ്മ’യിൽ അംഗത്വവും ലഭിച്ചു. ചന്ദ്രശേഖര മേനോൻ ആണ് കോമളത്തിന്റെ ഭർത്താവ്. അദ്ദേഹം 42 വർഷം മുൻപ് മരിച്ചു. ദമ്പതികൾക്ക് മക്കളില്ല. സഹോദരനൊപ്പമായിരുന്നു താമസം.