ലെബനനിലെ ഹിസ്ബുള്ള താവളങ്ങളിൽ നിന്നും റഷ്യൻ ആയുധങ്ങൾ കണ്ടെത്തിയതായി നെതന്യാഹു
Thursday, October 17, 2024 5:41 AM IST
പാരീസ്: തെക്കൻ ലെബനനിലെ ഹിസ്ബുള്ള താവളങ്ങളിൽ ഇസ്രായേൽ സൈന്യം നടത്തിയ തിരച്ചിലിൽ അത്യാധുനിക റഷ്യൻ ആയുധങ്ങൾ കണ്ടെത്തിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
2006 ലെ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം അനുസരിച്ച്, ലെബനൻ സൈന്യത്തിന് മാത്രമേ ലിറ്റാനി നദിക്ക് തെക്ക് വശം ആയുധങ്ങൾ കൈവശം വയ്ക്കാൻ അനുവാദമുള്ളൂവെന്ന് ഫ്രഞ്ച് ദിനപത്രമായ ലെ ഫിഗാരോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ നെതന്യാഹു ചൂണ്ടിക്കാട്ടി.
ഈ പ്രദേശത്ത്, ഹിസ്ബുള്ള നൂറുകണക്കിന് തുരങ്കങ്ങൾ കുഴിക്കുകയും ആയുധങ്ങൾ ശേഖരിച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ട്. അവിടെ ഞങ്ങൾ അത്യാധുനിക റഷ്യൻ ആയുധങ്ങൾ കണ്ടെത്തി. നെതന്യാഹുവിനെ ഉദ്ധരിച്ച് ഫ്രഞ്ച് ലേഖനം പറഞ്ഞു.
ലെബനനിലെ ആഭ്യന്തരയുദ്ധം ഒരു ദുരന്തമായിരിക്കും. പ്രകോപനം സൃഷ്ടിക്കുക എന്നത് തീർച്ചയായും ഞങ്ങളുടെ ലക്ഷ്യമല്ല. ലെബനന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഇസ്രായേൽ ഉദ്ദേശിക്കുന്നില്ല. ലെബനൻ അതിർത്തിയിൽ താമസിക്കുന്ന ഞങ്ങളുടെ പൗരന്മാരെ നാട്ടിലേക്ക് പോകാനും സുരക്ഷിതത്വം അനുഭവിക്കാനും അനുവദിക്കുക എന്നതാണ് ഞങ്ങളുടെ ഏക ലക്ഷ്യം. നെതന്യാഹു ലെ ഫിഗാരോയോട് പറഞ്ഞു.
അതേസമയം, ഹിസ്ബുള്ളയുമായുള്ള സംഘർഷം രൂക്ഷമായതിന് പിന്നാലെ ലെബനനിൽ ഇസ്രായേൽ നടത്തിയ റെയ്ഡുകളിൽ റഷ്യൻ, ചൈനീസ് ടാങ്ക് വിരുദ്ധ ആയുധങ്ങൾ കണ്ടെത്തിയതായി ഇസ്രേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.