രാഹുൽ മാങ്കൂട്ടത്തിൽ മിടുമിടുക്കൻ; അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തെ ആർക്കും ചോദ്യം ചെയ്യാനാകില്ലെന്ന് സതീശൻ
Wednesday, October 16, 2024 2:56 PM IST
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് ഉറച്ച പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ മാങ്കൂട്ടത്തിൽ മിടുമിടുക്കനാണെന്നും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തെ ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നും സതീശൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തെ ചോദ്യം ചെയ്ത് ഡോ. പി. സരിൻ രംഗത്തുവന്നതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. നടപടി ക്രമം അനുസരിച്ചാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന്റെ ഉത്തരവാദിത്വം തനിക്കും കെപിസിസി അധ്യക്ഷനുമാണ്. എന്തുകൊണ്ടാണ് സരിന്റെ പ്രതികരണമെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥികൾ മികച്ചവരാണ്. രമ്യ ഹരിദാസ് യൂത്ത്കോണ്‍ഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയാണ്. രാഹുൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ്. ഒരു അവസരം കിട്ടിയപ്പോൾ യുവാക്കൾക്ക് സീറ്റ് കൊടുത്തു.
രാഹുൽ മിടുമിടുക്കനായ സ്ഥാനാർഥിയാണ്. ചാനൽ ചർച്ചകളിൽ കോണ്‍ഗ്രസിന്റെ മുഖമാണ്. യുക്തിപൂർവമായ വാചകങ്ങൾക്കൊണ്ട് ആളുകളുടെ ഹൃദയം കീഴടക്കിയ ആളാണ് രാഹുൽ. സമര നായകനാണ്. അദ്ദേഹം പ്രിയങ്കരനായ സ്ഥാനാർതിയാണ്. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തെ ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നും സതീശൻ പറഞ്ഞു.
സ്ഥലം മാറിയല്ലെ കേരളത്തിൽ എല്ലാവരും മത്സരിക്കുന്നത്. താൻ തന്റെ നിയോജക മണ്ഡലത്തിൽ അല്ല മത്സരിക്കുന്നത്. പറവൂര്‍ പോയിട്ടാണ് താൻ 23 വർഷം എംഎൽഎ ആയത്. രാജ്മോഹൻ ഉണ്ണിത്താൻ കൊല്ലത്തുനിന്ന് പോയിട്ടാണ് കാസർഗോഡിന്റെ പ്രിയങ്കരനായത്. കണ്ണൂരിൽനിന്നു വന്ന എം.കെ. രാഘവനാണ് കോഴിക്കോടിന്റെ മകനായത്.
രമ്യ ഹരിദാസ് കോഴിക്കോട്ടുനിന്നാണ് വന്നത്. കെ.സി. വേണുഗോപാൽ കണ്ണൂരുകാരനാണ്. അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ ആലപ്പുഴയിലാണ് മത്സരിച്ചത്. ആലപ്പുഴയിലെ ജനകീയ മുഖമാണ് അദ്ദേഹം. എം. സ്വരാജ് തൃപ്പുണിത്തുറയിലാണ് മത്സരിച്ചത്. അദ്ദേഹം മലപ്പുറത്തുകാരനാണ്. കേരളത്തിൽ എവിടെയും മത്സരിക്കാം.
താൻ 2001ൽ മത്സരിക്കുന്പോൾ അറിയപ്പെടുന്ന ആൾ അല്ലായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ 2001ലെ തന്റെ പോസിഷനിൽ അല്ല. അദ്ദേഹം കേരളത്തിൽ അറിയപ്പെടുന്ന ആളാണ്. രാഹുലിനു ഷാഫി പറന്പിലിന്റെ മേൽവിലാസമുണ്ടെങ്കിൽ അത് നല്ലതാണ്. അത് ഒരു നേട്ടമാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള നേതാക്കൻമാരിൽ മുൻ നിരയിലാണ് ഷാഫി പറന്പിൽ. ഷാഫിക്ക് കൂടി ഇഷ്ടമുള്ള ആളാണെന്ന് പറഞ്ഞാൽ അത് എങ്ങനെ നെഗറ്റീവ് ആകും. അത് പോസിറ്റീവാണെന്നും അദ്ദേഹം പറഞ്ഞു.
സരിൻ പറഞ്ഞത് ശരിയാണോ അല്ലയോ എന്ന് പാർട്ടി പരിശോധിക്കും. തെരഞ്ഞെടുപ്പിനെ നേരിടാൻ തയാറാണ്. വയനാട് രാഹുൽ ഗാന്ധി 2019ൽ ജയിച്ചതിനെക്കാൾ വലിയ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധി വിജയിക്കും. പാലക്കാട്ട് ഷാഫിയേക്കാൾ ഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കും. ചേലക്കര തിരിച്ചുപിടിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.