എഡിഎം ജീവനൊടുക്കിയതിനു പിന്നിൽ സിപിഎം യുവനേതാക്കളുടെ ചക്കളത്തിപ്പോര്
Wednesday, October 16, 2024 2:52 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയതിന് പിന്നിൽ സിപിഎമ്മിലെ യുവനേതാക്കൾ തമ്മിലുള്ള പോരാട്ടമെന്ന് സൂചന. ശ്രീകണ്ഠാപുരം നിടുവാലൂരിലുള്ള പന്പിന് എൻഒസി കൊടുക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി. ദിവ്യ പലതവണ പറഞ്ഞിട്ടും എഡിഎം അനുമതി കൊടുത്തിരുന്നില്ല.
എന്നാൽ, പാർട്ടി ആസ്ഥാനമായ എകെജി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കണ്ണൂർ സ്വദേശിയായ യുവനേതാവ് മന്ത്രിതലത്തിൽ ഇടപെട്ടാണ് പന്പിന് ഒടുവിൽ എഡിഎം എൻഒസി നല്കിയത്. ഇതാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ ചൊടിപ്പിച്ചതും ഇവർ എഡിഎമ്മിനെതിരേ തിരിയാൻ കാരണവും.
കണ്ണൂർ സിപിഎമ്മിൽ മുതിർന്ന നേതാക്കളുടെ പിന്നാലെ യുവനേതാക്കൾക്കിടയിലും ഗ്രൂപ്പ് പോരാട്ടം സജീവമാണ്. എഡിഎം കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞു മുഖ്യമന്ത്രിക്ക് നല്കിയ പരാതി ഇതുവരെ കണ്ണൂർ വിജിലൻസിന് കൈമാറാത്തതും ദുരൂഹയുണ്ട്.
കഴിഞ്ഞ 10ന് പരാതി നല്കി ആറുദിവസം കഴിഞ്ഞിട്ടും കണ്ണൂർ വിജിലൻസിന് പരാതി ലഭിച്ചിട്ടില്ല. എഡിഎം കൈക്കൂലി വാങ്ങിയെന്നു പറയുന്ന പെട്രോൾ പന്പ് ആരംഭിക്കുന്ന ശ്രീകണ്ഠപുരം നിടുവാലൂർ സ്വദേശി ടി.വി. പ്രശാന്തനെ ആശുപത്രിയിലെ ജോലിയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നല്കിയിട്ടുണ്ട്. പ്രശാന്തൻ പരിയാരം ഗവ.മെഡിക്കൽ കോളജിലെ ഇലക്ട്രിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുന്നയാളാണ്.
ഇതേ മെഡിക്കൽ കോളജിലെ ഇസിഎച്ച് വിഭാഗത്തിലാണ് ദിവ്യയുടെ ഭർത്താവ് അജിത്തും ജോലി ചെയ്യുന്നത്. ഇങ്ങനെയൊരു പരാതി പുറത്തുവന്നപ്പോൾ മാത്രമാണ് പ്രശാന്തൻ ഒരു പെട്രോൾ പന്പിന്റെ ഉടമയാണെന്ന് സഹപ്രവർത്തകരും അറിയുന്നത്.
ചെങ്ങളായി നിടുവാലൂരിനും ചേരൻമൂലക്കും ഇടയിലുള്ള 40 സെന്റ് സ്ഥലത്തെ റബർത്തോട്ടമാണ് ബിപിസിഎല്ലിന്റെ പെട്രോൾ പമ്പ് ഔട്ട്ലെറ്റിന് അനുവദിച്ചത്. സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന ഒരു വ്യക്തിക്ക് ഒരു കച്ചവട സ്ഥാപനം നടത്തുന്നതിന് നിയമപരമായി അനുവാദമില്ല.
കൂടാതെ സ്ഥാപനത്തിന്റെ അനുമതിക്കായി കൈക്കൂലി നൽകിയ സാഹചര്യത്തിൽ നിലവിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനും സാധിക്കുമെന്ന് പറയുന്നു. പ്രശാന്തൻ സിപിഎമ്മിലെ ഒരു യുവനേതാവിന്റെ ബിനാമിയാണെന്നും പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നുണ്ട്.