പി.പി. ദിവ്യക്കെതിരെ മരിച്ച നവീൻ ബാബുവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകി
Wednesday, October 16, 2024 7:11 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യക്കെതിരെ നവീൻ ബാബുവിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. പി.പി. ദിവ്യ, നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീൺ ബാബുവിന്റെ പരാതിയിൽ ആവശ്യപ്പെടുന്നു.
നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരന്റെ മരണത്തിലെ ദുരൂഹത നീങ്ങണമെന്ന് പ്രവീൺ ബാബു പറഞ്ഞു.
അതിനിടെ പ്രവീൺ ബാബുവിന്റെ സംസ്കാരം വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. നവീൻ ബാബുവിന്റെ മൃതദേഹം ചൊവ്വാഴ്ച രാത്രിയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷമേ നാട്ടിലെത്തിക്കാനാവൂ.
കാസർഗോഡ്, കണ്ണൂർ കളക്ടർമാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. എംവി ജയരാജനും ടിവി രാജേഷും മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയിലേക്ക് വരുന്നുണ്ട്.