ട്രെയിനില്‍ ദമ്പതികളെ കവര്‍ച്ച ചെയ്ത സംഭവം: പ്രതി കാണാമറയത്തുതന്നെ
Tuesday, October 15, 2024 8:29 PM IST
കൊച്ചി: ട്രെയിന്‍ യാത്രയ്ക്കിടെ ദമ്പതികളെ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രതി കാണാമറയത്ത്. പ്രതിയെ കണ്ടെത്തുന്നതിനായി എറണാകുളം റെയില്‍വേ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തമിഴ്നാട് ജോളാര്‍പേട്ട റെയില്‍വേ പോലീസ് രജിസ്റ്റര്‍ചെയ്ത എഫ്ഐആര്‍ തുടര്‍ അന്വേഷണത്തിനായി എറണാകുളം സൗത്ത് റെയില്‍വേ പോലീസിനു കൈമാറി.
കവര്‍ച്ച നടന്നത് ആലുവയില്‍ വച്ചാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് കൈമാറിയിട്ടുള്ളത്. സംഭവത്തില്‍ സൗത്ത് റെയില്‍വേ പോലീസിലെ ഒരു സംഘം ദമ്പതികള്‍ ചികിത്സയില്‍ കഴിയുന്ന വെല്ലൂര്‍ സിഎംസി ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ 11ന് രാത്രി കൊല്ലം - വിശാഖപട്ടണം എക്സ്പ്രസിലായിരുന്നു സംഭവം.
തമിഴ്നാട്ടിലെ ഹൊസൂറില്‍ സ്ഥിര താമസക്കാരായ പത്തനംതിട്ട വടശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവര്‍ച്ചക്കിരയായത്. ഇവരുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും ബാഗും ഉള്‍പ്പെടെയുള്ള കവര്‍ച്ച ചെയ്യപ്പെട്ടു. കായംകുളത്ത് നിന്നും ട്രെയിനില്‍ കയറിയ ഇവര്‍ ജോളാര്‍ പേട്ട സ്റ്റേഷനിലായിരുന്നു ഇറങ്ങേണ്ടത്.
9.30ഓടെ ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടന്ന ദമ്പതികള്‍ ജോളാര്‍പേട്ട് സ്റ്റേഷനില്‍ ഇറങ്ങാതെ വന്നതോടെ മകന് ഷിനു റെയില്‍വേ പോലീസിന്റെ സഹായം തേടുകയായിരുന്നു. ഇതിനുപിന്നാലെയാണ് തൊട്ടടുത്ത കാട്പാടി സ്റ്റേഷനില്‍ വച്ച് ഇരുവരെയും ട്രെയിനിനുളളില്‍ കണ്ടെത്തിയത്. മകന്റെ പരാതിയിലാണ് കേസ്.