മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആശുപത്രിയിൽ
Monday, October 14, 2024 9:16 PM IST
മുംബൈ: ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന ബാലസാഹിബ് വിഭാഗം നേതാവുമായ ഉദ്ധവ് താക്കറെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ റിലയൻസ് ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
നേരത്തെ ആൻജിയോപ്ലാസ്റ്റിക് വിധേയനായിരുന്ന അദ്ദേഹത്തെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് വിധേയനാക്കി. പൂർണ ആരോഗ്യവാനാണെന്നും പരിശോധനയിൽ യാതൊരു പ്രശ്നവും കണ്ടെത്തിയിട്ടില്ലെന്നും മകൻ ആദിത്യ താക്കറെ അറിയിച്ചു. ഒക്ടോബർ 12ന് ദസ്സറ റാലിക്ക് പിന്നാലെ ഉദ്ധവിന് ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു.
2012ൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ താക്കറെയുടെ ഹൃദയധമനികളിലെ തടസ്സം നീക്കാൻ അന്ന് എട്ട് സ്റ്റെന്റുകൾ ഉപയോഗിച്ചിരുന്നു. അതേവർഷം നവംബറിൽ വീണ്ടുമൊരു ആൻജിയോപ്ലാസ്റ്റിക്ക് അദ്ദേഹം വിധേയനായിരുന്നു.