ശബരിമല സ്പോട്ട് ബുക്കിംഗ് തുടരണം; വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്
Monday, October 14, 2024 8:25 PM IST
പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല, മകരവിളക്കു കാലത്ത് ദര്‍ശനത്തിനായി സ്പോട്ട് ബുക്കിംഗ് നിര്‍ത്തലാക്കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരേ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്.
ശബരിമയിലെത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കി ശബരിമല തീര്‍ത്ഥാടനം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം കൊട്ടാരത്തില്‍ 16നു രാവിലെ മുതല്‍ ഉച്ചവരെ പ്രാര്‍ഥനായജ്ഞം നടത്താന്‍ കൊട്ടരം നിര്‍വാഹസംഘം തീരുമാനിച്ചു. എല്ലാ ഹൈന്ദവ സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിച്ചില്ലെങ്കില്‍ 26ന് വിപുലമായ യോഗം വിളിച്ച് പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യും. 2018-ലെ യുവതി പ്രവേശന വിഷയത്തിലും സമരങ്ങള്‍ക്ക് തുടക്കം കുറിച്ചത് പന്തളത്തായിരുന്നു. ഇന്നു രാവിലെ അയ്യപ്പസേവാസമാജം പ്രവര്‍ത്തകര്‍ പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
സ്പോട്ട് ബുക്കിംഗ് നിര്‍ത്തുന്നതിനെതിരേ ഭരണ മുന്നണിക്കുള്ളിലും സിപിഎമ്മിലും അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്. സ്പോട്ട് ബുക്കിംഗ് നിലനിര്‍ത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ദൈവത്തെ മറയാക്കി സംഘപരിവാറിന്റെ രാഷ്ട്രീയക്കളിക്ക് വേദിയൊരുക്കരുതെന്ന മുന്നറിയിപ്പും സിപിഐ നല്‍കിയിട്ടുണ്ട്.
ഇതിനിടെ ഇടത്താവളങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലൂടെ ബുക്കിംഗ് അനുവദിക്കാമെന്ന ദേവസ്വം മന്ത്രിയുടെ നിര്‍ദേശം മുന്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാരും വ്യതിചലിക്കുന്നതിന്റെ സൂചനയാണ്. എന്നാല്‍ വെർച്വല്‍ ക്യൂ ബുക്കിംഗാണ് അക്ഷയ കേന്ദ്രങ്ങളിലൂടെ നല്‍കുന്നത്.
ഓണ്‍ലൈന്‍ ബുക്ക് ചെയ്യാതെ എത്തുന്ന ഭക്തര്‍ക്ക് പ്രധാന ഇടത്താവളങ്ങളിലെ അക്ഷയ കേന്ദ്രത്തില്‍ ബുക്ക് ചെയ്തു ശബരിമലയിലെത്താം എന്നാണ് ദേവസ്വം മന്ത്രി വി.എന്‍.വാസവന് കഴിഞ്ഞ കോട്ടയത്ത് പറഞ്ഞത്. അക്ഷയ കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നുണ്ട്. അയ്യപ്പഭക്തര്‍ക്ക് ബുക്കിംഗ് നടത്തുമ്പോള്‍ ഫീസ് ഈടാക്കുമോ എന്ന കാര്യത്തില്‍ മന്ത്രി വ്യക്തമായൊന്നും പറഞ്ഞിട്ടില്ല.
തന്നെയുമല്ല വെര്‍ച്വല്‍ ക്യൂവില്‍ ബുക്കിംഗ് പ്രതിദിനം 80,000 ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. സ്പോട്ട് ബുക്കിംഗ് പ്രശ്നത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരു പക്ഷത്തും പ്രതിപക്ഷം, പന്തളം കൊട്ടരം, ബിജെപി, ഹൈന്ദവ സംഘടനകള്‍ തുടങ്ങിയവര്‍ മറുവശത്തും എന്ന നിലയിലായി.
ശബരിമലയെ പ്രക്ഷോഭ വേദിയാക്കുന്നതിനോടു യോജിപ്പില്ലെന്നും എല്ലാ അയ്യപ്പഭക്തര്‍ക്കും ദര്‍ശന സൗകര്യം ഒരുക്കണമെന്നുമുള്ള നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്.
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി കത്തു നല്കി
ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് തുടരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റിക്ക് കത്തയച്ചു. ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയാല്‍ അന്യസംസ്ഥാനത്ത് നിന്നടക്കം നടന്നും ട്രെയിനിലും എത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടാകും. ഭക്തര്‍ പ്രതിഷേധിച്ചാല്‍ വര്‍ഗീയ ശക്തികള്‍ മുതലെടുക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയുള്ളതായി പറയുന്നു.
ഭക്തര്‍ക്ക് സഹായകരമായ തീരുമാനമായിരിക്കും ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടാകുകയെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. ഒരു ഭക്തന് പോലും ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് മന്ത്രിയും ബോര്‍ഡും ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.