ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ട്: ഹൈക്കോടതി
Monday, October 14, 2024 7:57 PM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ കേസെടുക്കാവുന്ന പരാതികളുണ്ടെന്ന് ഹൈക്കോടതി. റിപ്പോർട്ടിന്റെ പൂർണരൂപം പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പ്രത്യേക സംഘത്തിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സിനിമാ ഷൂട്ടിംഗ് സെറ്റുകളിലും ബന്ധപ്പെട്ട ഇടങ്ങളിലും ലഹരി, മദ്യപാന ഉപയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്നും എസ്ഐടിക്ക് കോടതി നിർദേശം നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചു പരിശോധിക്കാൻ നിയോഗിച്ച പ്രത്യേക ബെഞ്ചിലെ ജസ്റ്റീസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരാണു കേസ് പരിഗണിക്കുന്നത്.
പരാതിക്കാരുടെ പേര് വിവരങ്ങൾ പുറത്തുവിടരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി. എഫ്ഐആറിൽ പരാതിക്കാരുടെ പേര് മറയ്ക്കണം. രേഖകള്‍ പ്രസിദ്ധപ്പെടുത്തരുത്. കേസ് രേഖകള്‍ മറ്റാര്‍ക്കും നല്‍കരുതെന്നും എസ്ഐടിക്ക് ഹൈക്കോടതി ഡിവിഷന് ബെഞ്ച് കര്‍ശന നിര്‍ദ്ദേശം നൽകി.
മൊഴി നല്കാൻ യാതൊരു കാരണവശാലും ഇരകൾക്കു മേൽ സമ്മർദ്ദമുണ്ടാവരുത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തശേഷം റിപ്പോർട്ടില്‍ പറഞ്ഞിരിക്കുന്ന അതിജീവിതമാരെ ബന്ധപ്പെടുകയും അവരുടെ മൊഴിയെടുക്കുകയും ചെയ്യാം.
സാക്ഷികൾ സഹകരിക്കാൻ തയാറാകാതിരിക്കുകയോ അല്ലെങ്കിൽ കേസുമായി മുന്നോട്ടു പോകാനുള്ള വസ്തുതകൾ ലഭിക്കാതെ വരികയോ ചെയ്യുമ്പോൾ നിയമം അനുശാസിക്കുന്ന വിധത്തിലുള്ള നിയമനടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.