സ്പോട്ട് ബുക്കിംഗ് നിർത്തിവച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ
Monday, October 14, 2024 4:26 PM IST
തിരുവനന്തപുരം: ശബരിമലയിൽ നിർത്തിവച്ച സ്പോട്ട് ബുക്കിംഗ് പുനഃപരിശോധിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രി വി.എൻ. വാസവന് ഡെപ്യൂട്ടി സ്പീക്കർ കത്തയച്ചു.
ഓണ്‍ലൈൻ ബുക്കിംഗ് മാത്രമാക്കുന്നത് തീർഥാടനത്തെ പ്രതികൂലമായി ബാധിക്കും. പലയിടങ്ങളിലും പല തരത്തിലുള്ള പ്രതിഷേധം ഉണ്ടായിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
സ്പോട്ട് ബുക്കിംഗ് തീർഥാടകർക്ക് സഹായകരമായിരിക്കും. ഓണ്‍ലൈനിൽ ബുക്ക് ചെയ്യുന്ന ഭക്തരിൽ 20 ശതമാനം പേരും എത്താറില്ല. ഈ കുറവ് സ്പോട്ട് ബുക്കിംഗിലൂടെ ഭക്തർക്ക് ദർശനം ക്രമീകരിക്കുന്നതിന് സാധിക്കുമായിരുന്നു.
വർഷം മുഴുവൻ ദർശന സീസണായുള്ള തിരുപ്പതിയിലെ പോലെ സീസണിൽ മാത്രം ഭക്തർ എത്തുന്ന ശബരിമലയിൽ ഓണ്‍ലൈൻ ബുക്കിംഗ് മാത്രമായി പരിമിതപ്പെടുത്തുന്നത് ഭക്തരുടെ ദർശനത്തെ ബാധിക്കും.
നിർത്തിവച്ച സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു.