ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തരുത്: മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷനേതാവ്
Monday, October 14, 2024 12:23 PM IST
തിരുവനന്തപുരം: ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തരുതെന്നും സ്പോട് ബുക്കിംഗ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എൻ. വാസവനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തയച്ചു.
ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗിനെക്കുറിച്ച് അറിയില്ല.
41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലെന്നതിന്റെ പേരില്‍ ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകും. ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമുണ്ടാകണം.
ഭക്തരെ തടഞ്ഞു നിര്‍ത്തുന്ന സ്ഥലങ്ങളിലെല്ലാം ആവശ്യമായ ഭക്ഷണവും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയില്ലെങ്കില്‍ അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്നും കത്തിൽ പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.