ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കരുത്: ബിനോയ് വിശ്വം
Monday, October 14, 2024 11:50 AM IST
തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദൈവത്തിന്റെ മറവിൽ വിശ്വാസങ്ങളുടെ പേരിൽ ഭക്തന്മാരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കി മാറ്റാൻ ശ്രമിക്കുന്ന ബിജെപിക്കും ആർഎസ്എസിനും ആവസരമുണ്ടാക്കുന്ന ഒന്നും ചെയ്യാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ നടപ്പാക്കുന്നത് ഒരു പരിഷ്കാരമാണ്. ലക്ഷ്യം ന്യായമാണ്. വെർച്ച്വൽ ക്യൂ നടപ്പാക്കുന്നത് തിരക്ക് ഒഴിവാക്കാനാണ്. പക്ഷേ ഒറ്റയടിക്ക് നടപ്പാക്കുമെന്ന് പറയുന്പോൾ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ ഒഴിവാക്കണം. അതുകൊണ്ട് വെർച്ച്വൽ ക്യൂവിന്റെ കൂടെ തന്നെ സ്പോട്ട് ബുക്കിംഗ് കൂടി നല്ലതായിരിക്കുമെന്നാണ് സിപിഐയുടെ നിലപാട്.
വ്രതമെടുത്ത് മാലയിട്ട് അയ്യപ്പനെ കാണാൻ എത്തുന്നവർക്ക് തിരിച്ചു പോകേണ്ട അവസ്ഥ വന്നാൽ, അത് മുതലെടുക്കാൻ ചിറകുവിരിച്ച് ആർഎസ്എസും ബിജെപിയും കാത്തിരിക്കുന്നുണ്ട്. അവർക്ക് വിശ്വാസമോ ദൈവമോ വലിയ കാര്യമല്ല. അവർക്ക് വലുത് ഇടുപക്ഷ വിരുദ്ധമായിട്ടുള്ള സംഘർഷം ഉണ്ടാക്കലാണെന്നും ബിനോയ് വിശ്വം പറഞ്ഞു.