കേസ് റദ്ദാക്കണം: അറസ്റ്റിലായ നടൻ ബാല ഹൈക്കോടതിയിലേക്ക്
Monday, October 14, 2024 11:36 AM IST
കൊച്ചി: മുന്‍ ഭാര്യ നല്കിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാല ഹൈക്കോടതിയിലേക്ക്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നുതന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് അറിയിച്ചു.
ബാലയ്ക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണ്. നോട്ടീസ് നല്കിയിരുന്നെങ്കില് ബാല സ്റ്റേഷനില്‍ ഹാജരാകുമായിരുന്നു. എന്നിട്ടും പോലീസ് പുലര്‍ച്ചെ ബാലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.
അതേസമയം, നിലവിൽ ബാല കടവന്ത്ര പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്. വൈകുന്നേരത്തോടെ ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് വിവരം. ഇന്നു പുലർച്ചെ, പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് പോലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്.
സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ബാലയെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, വിവാഹ മോചന കരാർ ലംഘിച്ചതിന് ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.