രാഷ്ട്രീയ സന്ദര്‍ശനമല്ലെന്ന് വെള്ളാപ്പള്ളി, സൗഹൃദം പങ്കിടല്‍ മാത്രമെന്ന് അന്‍വര്‍
Monday, October 14, 2024 11:25 AM IST
ആലപ്പുഴ: വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. സൗഹൃദം പങ്കിടല്‍ മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്ന് അന്‍വര്‍ പ്രതികരിച്ചു.
അന്‍വര്‍ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയശേഷം ഇരുവരും ഒരുമിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അന്‍വറിന്റെ വിശ്വാസം അന്‍വറിനെ രക്ഷിക്കട്ടെയെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.
ഇത് രാഷ്ട്രീയ സന്ദര്‍ശനമല്ല. ഒരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയ അഭിപ്രായങ്ങളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്‍വറിന്റെ അഭിപ്രായം വ്യക്തിപരമാണ്.
തന്റെ അഭിപ്രായം താന്‍ പുറത്തുപറയുന്നില്ല. രാഷ്ട്രീയവും സൗഹൃദവും വെവ്വേറെയാണ്. തന്നെ ഉരുട്ടാന്‍ നോക്കേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അന്‍വറിന്റെ പാര്‍ട്ടിയായ ഡിഎംകെയുടെ ജില്ലാ കമ്മിറ്റി രൂപീകരണത്തിന് തൊട്ടുമുമ്പാണ് എംഎല്‍എ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയത്. ഡിഎംകെ പാര്‍ട്ടി ഒരിയ്ക്കലും മുന്നോട്ട് പോകില്ലെന്നും പി.വി.അന്‍വറിന്റേത് ഇന്റര്‍നാഷണല്‍ മണ്ടത്തരമാണെന്നും നേരത്തേ വെള്ളാപ്പള്ളി പരസ്യപ്രതികരണം നടത്തിയിരുന്നു.