വയനാട് പുനരധിവാസം; അടിയന്തരപ്രമേയത്തിന് അനുമതി
Monday, October 14, 2024 10:40 AM IST
തിരുവനന്തപുരം: വയനാട് ചുരൽമല, മുണ്ടക്കൈ ദുരന്തത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി.
കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കാനുള്ള ഇടപെടൽ നടത്തണമെന്നും സംസ്ഥാന സർക്കാർ ക്രിയാത്മകമായി വിഷയത്തിൽ ഇടപെടണമെന്നും അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടു. ടി. സിദ്ദിഖ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
വിഷയം ചർച്ചചെയ്യാൻ തായാറണെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. പുനരധിവാസത്തിനുള്ള നടപടികൾ സർക്കാർ ഗൗരവമായി സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രസഹായം മന്ത്രിസഭ ആവശ്യപ്പെട്ടിടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നിനാണ് അടിയന്തരപ്രമേയത്തിന്മേൽ ചർച്ച. രണ്ട് മണിക്കൂറാണ് ചർച്ചയ്ക്ക് അനുവദിച്ചിട്ടുള്ളത്.