പൂരം കലക്കൽ റിപ്പോർട്ട്; അപ്പീൽ നൽകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും: വി.എസ്.സുനിൽകുമാർ
Sunday, October 13, 2024 7:46 PM IST
തിരുവനന്തപുരം: തൃശൂർപൂരം കലക്കിയ സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണമെന്ന് സിപിഐ നേതാവ് വി.എസ്.സുനിൽകുമാർ. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ളതിനാൽ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് വിവരാവകാശ നിയമ പ്രകാരം സുനിൽകുമാർ നൽകിയ അപേക്ഷക്ക് സർക്കാർ മറുപടി നൽകിയിരുന്നു.
വിവരാവകാശ നിയമത്തിലെ സെക്ഷൻ 24/4 അനുസരിച്ചുള്ള രഹസ്യ സ്വഭാവമുള്ള രേഖയായി പരിഗണിച്ചാണ് റിപ്പോർട്ട് പുറത്തുവിടാത്തതെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. ഇതിനെതിരെ അപ്പീൽ നൽകുന്ന കാര്യം സംഘടനയുമായും നിയമ വിദഗ്ധരുമായും ആലോചിച്ച് തീരുമാനിക്കും.
ആഭ്യന്തരമായി രഹസ്യ സ്വഭാവമുള്ളതാണെങ്കിൽ മറച്ചു വയ്ക്കുന്നതിൽ പരാതിയില്ല. വിശ്വാസപരമായ കാര്യങ്ങൾ ആയതിനാലാകും സർക്കാർ മറച്ചു വയ്ക്കുന്നത്. പക്ഷെ ജനങ്ങൾ അറിയേണ്ടത് പുറത്തു വിടണമെന്ന് സുനിൽ കുമാർ പറഞ്ഞു.