ഒന്നും മറയ്ക്കാനില്ല; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി
Sunday, October 13, 2024 7:19 PM IST
തിരുവനന്തപുരം: വിവാദ മലപ്പുറം പരാമർശത്തിൽ ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് ഒന്നും മറയ്ക്കാനില്ല. സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനമെന്നും ഗവർണർക്ക് നൽകിയ കത്തിൽ മുഖ്യമന്ത്രി പറയുന്നു.
മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിലും മറുപടിയിൽ പ്രതിഷേധം അറിയിച്ചു. രാജ്യ സുരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്തലിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. വിവരങ്ങള്‍ ശേഖരിക്കാനുള്ളതിനാലാണ് മറുപടി നൽകാൻ കാലതാമസം ഉണ്ടായത്.
ബില്ലുകളിൽ ഒപ്പിടാത്ത ഗവർണരുടെ രീതി പൊതുസമൂഹം അംഗീകരിക്കില്ലെന്നും മറുപടിയിൽ പറയുന്നു. കേരള പോലീസിന്റെ ഔദ്യോഗിക വെബ് സൈറ്റിലുള്ളത് അന്വേഷണ വിവരങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രി നൽകിയ കത്തിൽ പറയുന്നു.
രാഷ്ട്രപതിയെ വിവരങ്ങള്‍ അറിയിക്കുമെന്നു കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുള്ളതു കൊണ്ടാണ് വിശദീകരണം നല്‍കാത്തതെന്നും ഗവർണർ പറഞ്ഞിരുന്നു.