എസ്എഫ്ഐഒ നടപടിയില്‍ പുതുതായി ഒന്നുമില്ല: മന്ത്രി റിയാസ്
Sunday, October 13, 2024 1:59 PM IST
കോഴിക്കോട്: മാസപ്പടിക്കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ മൊഴിയെടുത്തെന്ന വാര്‍ത്ത തള്ളാതെ മന്ത്രി മുഹമ്മദ് റിയാസ്. എസ്എഫ്ഐഒയുടെ നടപടിയില്‍ പുതുതായി ഒന്നുമില്ലെന്ന് മന്ത്രി പ്രതികരിച്ചു.
തൃശൂരില്‍ ബിജെപിയുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്ന് ആരോപിച്ചവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത്. സിപിഎം-ബിജെപി ധാരണയുണ്ടാക്കിയെന്ന വാദം ഇതോടെ പൊളിഞ്ഞു.
മാസപ്പടി വിഷയത്തില്‍ പാര്‍ട്ടി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല. താന്‍ ഒളിച്ചോടിയെന്ന് മാധ്യമങ്ങള്‍ പറയാതിരിക്കാനാണ് ഇപ്പോള്‍ പ്രതികരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച ചെന്നൈയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത്.