എസ്എഫ്ഐഒ അന്വേഷണത്തിൽ വിശ്വാസമില്ല; പ്രഹസനമെന്ന് കെ.സുധാകരൻ
Sunday, October 13, 2024 1:35 PM IST
തിരുവനന്തപുരം: മാസപ്പടിക്കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ മൊഴിയെടുത്ത സംഭവത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഇപ്പോള്‍ നടക്കുന്ന എസ്എഫ്ഐഒ അന്വേഷണം പ്രഹസനമാണെന്ന് സുധാകരൻ പ്രതികരിച്ചു.
തണുത്തുറച്ച കേസായി മാസപ്പടി മാറി. വൈകി നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല. സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപെട്ടെന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രി അറിയാതെ മകള്‍ക്ക് മാസപ്പടി വാങ്ങാനാകില്ല. അതറിയില്ല എന്ന് പിണറായി പറഞ്ഞാല്‍ വിശ്വസിക്കാനാകില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ബുധനാഴ്ച ചെന്നൈയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത്.