കൊയിലാണ്ടി കോളജിൽ കൊലവിളി മുദ്രാവാക്യം; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
Sunday, October 13, 2024 1:18 PM IST
കൊയിലാണ്ടി: കൊയിലാണ്ടി മുചുകുന്ന് ഗവണ്മെന്റ് കോളജില്‍ നടന്ന സംഘര്‍ഷത്തിന്റെ ഭാഗമായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച ഡിവൈഎഫ്ഐക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തു.
കൊലവിളി നടത്തിയതിനും മതസ്പര്‍ദ വളര്‍ത്തുന്ന രീതിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയിരുന്നു സംഭവം.
കാലിക്കട്ട് സര്‍വകലാശാല കോളജ് യൂണിയന് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കൊയിലാണ്ടി കോളജില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെയും മുസ്ലിം യൂത്ത് ലീഗിന്റെയും കെഎസ്യുവിന്റെയും എംഎസ്എഫിന്റെയും പ്രവര്‍ത്തകര്‍ക്കുനേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ യുയുസി, ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കെഎസ്യു-എംഎസ്എഫ് സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. എസ്എഫ്ഐയുടെ കുത്തകയായിരുന്ന കോളജില്‍ കെഎസ്യു-എംഎസ്എഫ് സഖ്യം വിജയിച്ചതാണ് സംഘര്‍ഷങ്ങളിലേക്ക് നയിച്ചത്.