മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്ത് എസ്എഫ്ഐഒ
Sunday, October 13, 2024 12:23 PM IST
തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ മൊഴിയെടുത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ). ബുധനാഴ്ച ചെന്നൈയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വീണയുടെ മൊഴി രേഖപ്പെടുത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത്.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണാ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി പണ ഇടപാട് നടത്തിയെന്നാണ് കേസ്.
സിഎംആർഎല്ലിന്റെയും വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസിയുടെയും ഉദ്യോഗസ്ഥരിൽനിന്നും അന്വേഷണസംഘം നേരത്തെ വിവരങ്ങൾശേഖരിച്ചിരുന്നു. എക്സാലോജിക്കിൽനിന്നും പലതണ ഇ-മെയിൽമുഖേനയും വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീണയെ വിളിച്ചുവരുത്തി മൊഴിയെടുത്തത്.
ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്ന രജിസ്ട്രാർ ഓഫ് കന്പനീസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സാലോജിക്കിനെതിരെയും വീണയ്ക്കെതിരേയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചത്.