അനധികൃതമായി സ്കൂളുകൾ തുടങ്ങുന്നതിനെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി
Sunday, October 13, 2024 10:56 AM IST
തിരുവനന്തപുരം: അനധികൃതമായി സ്കൂളുകൾ തുടങ്ങുന്നതിനെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ആർക്കും ഒരു വീടെടുത്ത് സ്കൂൾ തുടങ്ങാവുന്ന അവസ്ഥയാണുള്ളത്, എന്താണ് അവർ പഠിപ്പിക്കുന്നതെന്ന് നമ്മൾ അറിയണ്ടേയെന്ന് ശിവൻകുട്ടി ചോദിച്ചു.
മട്ടാഞ്ചേരി സ്മാർട്ട് കിഡ്സ് പ്ലേ സ്കൂളിൽ മൂന്നര വയസുകാരനെ അധ്യാപിക ചൂരൽ വടികൊണ്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
അത്തരം സ്കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ സ്കൂളുകൾ പോലും സംസ്ഥാനത്തിന്റെ എൻഒസി വാങ്ങിയാണ് പ്രവർത്തിക്കുന്നത്. അപ്പോഴാണ് ഇവിടെ ചിലർക്ക് അതൊന്നും വേണ്ടാത്തത്.
സിലബസ് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പോകുകയാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ ഓരോ ഭാഗവും പരിശോധിക്കും. അധ്യാപകരുടെ യോഗ്യത നിശ്ചയിക്കുന്നത് ആരാണെന്നും അദ്ദേഹം ചോദിച്ചു. ഒരു മാനദണ്ഡവും പാലിക്കാതെയാണ് അധ്യാപകരെ നിയമിക്കുന്നത്. ഇതിൽ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.