ബാബാ സിദ്ധിഖി കൊലപാതകം; കസ്റ്റഡിയിലുള്ളവർ ലോറൻസ് ബിഷ്ണോയി സംഘത്തിലുള്ളവരെന്ന് സൂചന
Sunday, October 13, 2024 7:39 AM IST
മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പ്രതികൾ ലോറൻസ് ബിഷ്ണോയി സംഘത്തിൽപ്പെട്ടവരെന്ന് അവകാശപ്പെട്ടതായി സൂചന. എന്നാൽ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയി സംഘം ഇതുവരെ ഏറ്റെടുത്തിട്ടില്ല.
മൂന്നുപേരാണ് കൃത്യം നടത്തിയത്.. അതിൽ രണ്ട് പേർ അറസ്റ്റിലായി. മൂന്നാമൻ ഒളിവിലാണ്. ഹരിയാന സ്വദേശിയായ കർനൈൽ സിംഗ്, ഉത്തർപ്രദേശ് സ്വദേശി ധരംരാജ് കശ്യപ് എന്നിവരാണ് അറസ്റ്റിലായ രണ്ട് പ്രതികൾ.
ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിൽ, ഒരു മാസത്തോളമായി തങ്ങൾ പ്രദേശത്ത് താമസിച്ചുവരികയായിരുന്നുവെന്ന് ഇവർ സമ്മതിച്ചതായാണ് സൂചന. മൂന്ന് പ്രതികളും ഓട്ടോറിക്ഷയിലാണ് ബാന്ദ്ര ഈസ്റ്റിൽ എത്തിയത്.
സിദ്ദിഖിയെ കാത്ത് സംഘം കുറെ നേരം അവിടെ ഉണ്ടായിരുന്നു. പ്രതികൾക്ക് വിവരം നൽകുന്നതിൽ മറ്റൊരാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ബിഷ്ണോയ് സംഘത്തിന്റെ പങ്കും ചേരി പുനരധിവാസ കേസും എന്നിങ്ങനെ രണ്ട് ദിശകളിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ലോറൻസ് ബിഷ്ണോയിയിൽ നിന്ന് വധഭീഷണി നേരിടുന്ന ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള സിദ്ധിഖിയുടെ അടുപ്പമാണ് ബിഷ്ണോയി സംഘത്തിന്റെ പങ്കാളിത്തത്തിന് കാരണമെന്ന് സംശയിക്കുന്നത്. എന്നാൽ, ബിഷ്ണോയി സംഘത്തിൽ നിന്നും സിദ്ധിഖിക്ക് ഭീഷണിയൊന്നും ലഭിച്ചിരുന്നില്ല.
എന്നാൽ, 15 ദിവസം മുമ്പ് സിദ്ധിഖിക്ക് വധഭീഷണി ലഭിച്ചിരുന്നുവെന്നാണ് സൂചന. മഹാരാഷ്ട്ര ക്രൈംബ്രാഞ്ചിന് പുറമെ ഗുജറാത്ത് പോലീസും ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലും കേസ് അന്വേഷിക്കുന്നുണ്ട്.