സൽമാൻ ഖാനുമായുള്ള സൗഹൃദമോ കൊലപാതക കാരണം ?; ബാബാ സിദ്ധിഖിയുടെ മരണത്തിൽ ലോറൻസ് ബിഷ്ണോയിയെ സംശയിച്ച് പോലീസ്
Sunday, October 13, 2024 7:05 AM IST
മുംബൈ: എൻസിപി അജിത് പവാർ പക്ഷ നേതാവും മുൻ മന്ത്രിയുമായ ബാബാ സിദ്ധിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. ഹരിയാന സ്വദേശിയായ കർനൈൽ സിംഗ്, ഉത്തർപ്രദേശ് സ്വദേശി ധരംരാജ് കശ്യപ് എന്നിവരാണ് അറസ്റ്റിലായ രണ്ട് പ്രതികൾ.
സംഭവത്തിന് പിന്നാലെ രക്ഷപെട്ട മൂന്നാമനെ കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റൾ പോലീസ് കണ്ടെത്തി.
അതേസമയം, കൊലപാതകത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമാണോയെന്ന് സംശയിക്കുന്നുണ്ട്. സംഭവത്തിൽ മഹാരാഷ്ട്ര ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. 10 പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക.
ബോളിവുഡ് നടൻ സൽമാൻ ഖാനുമായുള്ള അടുപ്പമാണോ കൊലപാതകത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്. സൽമാൻ ഖാനുമായി ഏറെ സൗഹൃദമുള്ളയാളായിരുന്നു ബാബാ സിദ്ധിഖി. നേരത്തെ, സൽമാൻ ഖാന് നേരെ ലോറൻസ് ബിഷ്ണോയി സംഘം വധഭീഷണി മുഴക്കുകയും അദ്ദേഹത്തിന്റെ വസതിക്ക് നേരെ വെടിവയ്ക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാത്രി മുംബൈ ബാന്ദ്രയിൽവച്ച് കാറിൽ കയറുന്നതിനിടെയാണ് ബാബാ സിദ്ധിഖിക്ക് വെടിയേറ്റത്. വെടിയേറ്റ ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി തവണ വെടിയേറ്റതാണ് മരണ കാരണം.
എൻസിപി അജിത് പവാർ വിഭാഗം നേതാവാണ് അദ്ദേഹം. കോൺഗ്രസ് പ്രവർത്തകനായി ആരംഭിച്ച അദ്ദേഹം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം കോൺഗ്രസ് വിട്ട് എൻസിപി അജിത് പവാർ പക്ഷത്തേക്ക് ചേക്കേറിയത്.