സഹസംവിധായികയെ പീഡിപ്പിച്ചെന്ന് പരാതി; സംവിധായകനും സുഹൃത്തിനുമെതിരെ കേസെടുത്ത് പോലീസ്
Friday, October 11, 2024 10:44 AM IST
കൊച്ചി: സഹസംവിധായികയെ പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകനും സുഹൃത്തിനുമെതിരെ ബലാത്സംഗത്തിനു കേസെടുത്ത് പോലീസ്. മാവേലിക്കര സ്വദേശിനിയുടെ പരാതിയിൽ മരട് പോലീസാണ് കേസെടുത്തത്.
സംവിധായകൻ സുരേഷ് തിരുവല്ല, വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അവസരം വാഗ്ദാനം ചെയ്തും വിവാഹവാഗ്ദാനം നൽകിയും പീഡിപ്പിച്ചെന്നാണ് പരാതി. വിജിത്ത് സിനിമാമേഖലയിലെ സെക്സ് റാക്കറ്റിന്റെ കണ്ണിയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
വ്യാഴാഴ്ചയാണ് യുവതിയുടെ പരാതിയില്‍ മരട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സഹസംവിധായികയായ യുവതി ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകന് സുരേഷ് തിരുവല്ലയുടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പോയി കണ്ടപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് നടി പറയുന്നു.
സുഹൃത്തായ വിജിത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സംവിധായകനെ പോയി കണ്ടത്. ഇക്കാര്യം വിജിത്തിനെ അറിയിക്കുകയും ചെയ്തായി യുവതി പറയുന്നു. പലപ്പോഴായി വിവാഹവാഗ്ദാനം നല്കി വിജിത്ത് പീഡിപ്പിച്ചതായും യുവതി പറയുന്നു.