ഒടുവിൽ സഭയിലെത്തി മുഖ്യമന്ത്രി; ചോദ്യത്തര വേള തുടങ്ങി
Friday, October 11, 2024 10:30 AM IST
തിരുവനന്തപുരം: നിയമസഭ സമ്മേളനം തുടരുന്നതിനിടെ സഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയിലെത്തിയിരുന്നില്ല. തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് വിട്ടുനിന്നതെന്നായിരുന്നു വിശദീകരണം.
ഏറെ വിവാദങ്ങൾക്കിടയാക്കിയ എഡിജിപി-ആർഎസ്എസ് ബന്ധത്തിൽ അടിയന്തര പ്രമേയ ചർച്ച നടക്കുന്നതിനിടയിൽ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചർച്ചയായിരുന്നു.
ഇന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം സഭയിൽ കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം. റിപ്പോർട്ട് ലഭിച്ച് നാലര വർഷം സർക്കാർ പൂഴ്ത്തി എന്നും സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളിൽ നടപടികൾ ഒന്നും സ്വീകരിച്ചില്ല എന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കെ.കെ. രമയായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക.