ലഹരിക്കേസിൽ പ്രയാഗയ്ക്ക് ക്ലീൻചിറ്റ്
Friday, October 11, 2024 9:01 AM IST
കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസിൽ നടി പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്തകരമെന്നും വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്ന നിഗമനത്തിൽ അന്വേഷണസംഘം. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിക്കും ഓംപ്രകാശിനെ നേരിട്ട് പരിചയമില്ല. ഇരുവരുടേയും മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നു.
ഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരമാണെന്നാണ് പ്രയാഗയുടെ മൊഴി. ശ്രീനാഥിനൊപ്പമാണ് ഹോട്ടലിൽ എത്തിയത്. വിശ്രമിക്കാൻ ഒരു മുറിയിൽ മാത്രമാണ് കയറിയത്. സുഹൃത്തുക്കളിൽ ശ്രീനാഥ് ഭാസിയുടെ സുഹൃത്തായ ബിനു ജോസഫും ഉണ്ടായിരുന്നു.
ലഹരി ഇടപാടോ പാർട്ടിയോ നടന്നതായി അറിവില്ലായിരുന്നുവെന്നും പ്രയാഗ പറഞ്ഞു. പുലർച്ചെ നാലിനാണ് ഇവർ ഹോട്ടലിൽ എത്തിയത്. രാവിലെ ഏഴോടെ ഇവർ മടങ്ങുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളടക്കം കാണിച്ചാണ് ഇരുവരേയും ചോദ്യം ചെയ്തത്.
അതേസമയം ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പോലീസിന് സംശയമുണ്ട്. ഇരുവരും തമ്മിൽ മുൻപ് ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
ലഹരി പരിശോധനയ്ക്ക് സാന്പിളുകൾ ശേഖരിക്കാൻ സന്നദ്ധരാണെന്ന് താരങ്ങൾ അന്വേഷണ സംഘത്തെ അറിയിച്ചു. നിലവിൽ പരിശോധന വേണ്ടെന്ന നിലപാടിലാണ് പോലീസ്.