രത്തന്‍ ടാറ്റയ്ക്ക് രാജ്യം വിട നല്കി
Thursday, October 10, 2024 6:18 PM IST
മുംബൈ: വ്യവസായ പ്രമുഖന് രത്തന്‍ ടാറ്റയ്ക്ക് വിട നല്കി രാജ്യം. കോര്‍പ്പറേറ്റ് തലവന്മാരും രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര-കായിക മേഖലകളിലെ താരങ്ങളും ഉൾപ്പടെ ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കാൻ എത്തിയിരുന്നു. മുംബൈയിലെ വോര്‍ളി ശ്മശാനത്തിലായിരുന്നു സംസ്കാരം.
ഇന്ത്യന്‍ വ്യവസായ രംഗത്തെ ആഗോള തലത്തില്‍ അടയാളപ്പെടുത്തിയവരിലൊരാളായ രത്തന്‍ ടാറ്റയ്ക്ക് രാജ്യം എല്ലാവിധ ബഹുമതികളോടും കൂടിയാണ് അന്ത്യയാത്ര ഒരുക്കിയത്. രാവിലെ പത്ത് മുതല്‍ സൗത്ത് മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സിൽ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരുന്നു.
രത്തന്‍ ടാറ്റയോടുള്ള ആദര സൂചകമായി മഹാരാഷ്ട്രയില്‍ ഒരു ദിവസത്തെ ദുഃഖാചരണവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാത്രിയാണ് അദ്ദേഹം അന്തരിച്ചത്. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ അന്തിമോപചാരം അര്‍പ്പിച്ചു.