മുഖ്യമന്ത്രിക്കെതിരായ അന്വേഷണം; കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതെന്ന് ഇ.പി. ജയരാജൻ
Thursday, October 10, 2024 2:46 PM IST
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ ഹർജിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ.
നവ കേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്താവനയുടെ പേരിലാണ് ഈ അന്വേഷണ ഉത്തരവ് എന്ന് പറയുന്നു. ഹർജിയിൽ ആരോപിക്കുന്ന പ്രതികരണം മുഖ്യമന്ത്രി നടത്തിയത് കണ്ണൂർ ഗസ്റ്റ് ഹൗസിൽ വച്ചാണെന്നും പ്രതികരണത്തിന് ആധാരമായ സംഭവം നടന്നത് കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ രണ്ട് സംഭവവും എറണാകുളം സിജെഎം കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്നും ജയരാജൻ പറഞ്ഞു. എന്നിട്ടും എറണാകുളം ഡിസിസി പ്രസിഡന്റ് എറണാകുളത്ത് ഹർജി നൽകിയിരിക്കുന്നു. പ്രഥമദൃഷ്ട്യാ തന്നെ തള്ളിക്കളയേണ്ട ഹർജിയാണിത്.
ജനങ്ങൾക്ക് ജുഡീഷറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് മാത്രമേ ഇത്തരം ഉത്തരവുകൾ ഉപകരിക്കൂവെന്നും ജയരാജൻ കൂട്ടിച്ചേർത്തു.