വയനാടിനായി എന്തെങ്കിലും ചെയ്യൂ: കേന്ദ്രത്തോട് ഹൈക്കോടതി
Thursday, October 10, 2024 2:23 PM IST
കൊച്ചി: വയനാടിനായി എന്തെങ്കിലും ചെയ്യുവെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി. വയനാട് വിഷയത്തിൽ ഇടപെടണമെന്നും ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രസഹായം ഇല്ലാത്തെ വയനാട്ടിലെ പുനരധിവാസം സാധ്യമല്ലെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു.
വയനാടിനായി കേന്ദ്രസർക്കാർ എന്താണ് ചെയ്യാൻ ഉദ്യേശിക്കുന്നതെന്ന് അറിയിക്കണമെന്ന് കഴിഞ്ഞ ആഴ്ച കോടതി ആവശ്യപ്പെട്ടിരുന്നു. ധനസഹായം നൽകുന്നുണ്ടോയെന്നും ഉണ്ടെങ്കിൽ എത്രയാണെന്നും അതിന്റെ നടപടി എന്തായെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
എന്നാൽ വിശദീകരണത്തിന് കേന്ദ്രസർക്കാർ ഇന്ന് കൂടുതൽ സമയം തേടുക മാത്രമാണ് ചെയ്ത്. ഇതോടെയാണ് കോടതി വയനാടിനായി എന്തെങ്കിലും ചെയ്യുവെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്.
വയനാട്ടിലുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റ് തുകയെ തെറ്റായി വ്യാഖ്യാനിച്ച് മാധ്യമങ്ങൾ നൽകിയ വാർത്തയെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.
ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ കോടതിയ്ക്ക് ബോധ്യമുണ്ടെന്നും മാധ്യമങ്ങളെ അത് ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ദുരന്തത്തിൽ തെറ്റായ വ്യാഖ്യാനങ്ങള്‍ നല്കുന്നതില് നിന്നും മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ദുരന്ത നിവാരണ അതോറിറ്റിയോട് അസംബന്ധങ്ങള്‍ക്ക് ചെവികൊടുക്കേണ്ട കാര്യമില്ലെന്നും ലക്ഷ്യത്തില്‍ നിന്ന് പിന്തിരിയരുതെന്നും കോടതി അറിയിച്ചു.