നാനോ... കാർ എന്ന സ്വപ്നത്തിലേക്ക് സാധാരണക്കാരനെ എത്തിച്ച രത്തൻ ടാറ്റ
Thursday, October 10, 2024 11:09 AM IST
കൊച്ചി: ഇന്ത്യൻ നിരത്തുകളിൽ എന്നും വിപ്ലവം സൃഷ്ടിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ. സാധാരണക്കാരന്റെ കാർ എന്ന സ്വപ്നങ്ങളെ യാഥാർഥ്യമാക്കിയ വ്യക്തി കൂടിയാണ് രത്തൻ ടാറ്റ.
മഴ നനഞ്ഞ് ഒരു കുടുംബം ബൈക്കിൽ പോകുന്നതു കണ്ട രത്തൻ ടാറ്റയുടെ ചിന്തകൾ എത്തിയത് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന ഒരു കാറിലേക്കാണ്. ഈ ചിന്തയിൽനിന്നുമാണ് ടാറ്റ നാനോ പിറന്നത്.
ഒരു ലക്ഷം രൂപയുടെ കാർ അതായിരുന്നു ടാറ്റ നാനോ എന്ന പേരിൽ ടാറ്റ മോട്ടോഴ്സ് യാഥാർഥ്യമാക്കിയത്. 2009ലാണ് ടാറ്റ ഗ്രൂപ്പ് നിർമിതമായ ടാറ്റ നാനോ പുറത്തിറങ്ങുന്നത്. രത്തൻ ടാറ്റയുടെ സ്വപ്ന കാറായാണ് ടാറ്റ നാനോയെ ടാറ്റ മോട്ടോഴ്സ് കൊണ്ടുവന്നത്.
വാഹന വിപണിയിലെ ഓരോ മേഖലയിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ടാറ്റയുടെ വാഹനങ്ങൾ എന്നും പുറത്തിറങ്ങിയിരുന്നത്. കോമേഴ്സൽ, പാസഞ്ചർ മേഖലകളിൽ ടാറ്റയുടെ വാഹനങ്ങൾക്ക് വെല്ലുവിളി ഉയർത്താൻ ഒരു കാലത്ത് മറ്റൊരു വാഹനങ്ങൾ പോലും ഇല്ലായിരുന്നു.
ടാറ്റ സിപ്, ടാറ്റ എയ്സ്, 207, ടാറ്റ സുമോ, ടാറ്റ ഇൻഡിക്ക, 407, എസി1210, എസ്കെ1613, എൽപിടി 1109, ടാറ്റ മാർക്കോപോളോ എന്നിവയെല്ലാം ഇന്ത്യൻ നിരത്തുകളിൽ വൻ വിപ്ലവമാണ് സൃഷ്ടിച്ചത്. ഓരോ മേഖലയിലും ഇവ ഇപ്പോഴും ഇന്ത്യൻ നിരത്തുകൾ കീഴടക്കിയിരിക്കുകയാണ്.
ആഢംബര കമ്പനിയായ ജാഗ്വർ, ലാൻഡ് ലോവർ എന്നിവയെയും ടാറ്റ ഏറ്റെടുത്തിരുന്നു.