റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിംഗ് സമയപരിധി നീട്ടി
Thursday, October 10, 2024 9:22 AM IST
തിരുവനന്തപുരം: മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗിനുള്ള സമയം നീട്ടി. ഈ മാസം 25 വരെയാണ് നീട്ടിയത്. നേരത്തെ, സെപ്റ്റംബര്‍ 18ന് തുടങ്ങി ഒക്ടോബര്‍ എട്ടിന് അവസാനിക്കുന്ന തരത്തിലായിരുന്നു സമയപരിധി.
എന്നാല്‍ 80 ശതമാനത്തിനടുത്ത് കാര്‍ഡുടമകളുടെ മസ്റ്ററിംഗ് മാത്രമേ പൂര്‍ത്തിയായിരുന്നുള്ളു. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. മസ്റ്ററിംഗ് സമയം നീട്ടണമെന്ന ആവശ്യം നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മന്ത്രി ജി.ആര്. അനില്‍ സമയപരിധി നീട്ടിയെന്ന് അറിയിച്ചത്.
സുപ്രീംകോടതി ഉത്തരവനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മുന്‍ഗണനാ പട്ടികയിലുള്ളവരുടെ കാര്‍ഡുകളുടെ ഇ-കെവൈസി അപ്ഡേഷന് തുടങ്ങിയത്. റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി കടകളില്‍ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്.
കാര്‍ഡ് ഉടമകള്‍ നേരിട്ടെത്തി ഇ-പോസില്‍ വിരല്‍ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവരുടെ പേരു വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷന്‍ കടയുടമയെയും മുന്‍കൂട്ടി അറിയിക്കണം.