രത്തൻ ടാറ്റയുടെ മൃതദേഹം മുംബൈയിലെ വീട്ടിലെത്തിച്ചു
Thursday, October 10, 2024 8:37 AM IST
മുംബൈ: രത്തൻ ടാറ്റയുടെ മൃതദേഹം മുംബൈ കൊളാബയിലെ വീട്ടിലെത്തിച്ചു. രാവിലെ പത്തോടെ മുംബൈ എന്‍സിപി ഓഡിറ്റോറിയത്തില്‍ എത്തിക്കുന്ന മൃതദേഹം വൈകുന്നേരം മൂന്ന് വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും.
നാലിന് ശേഷം വര്‍ളി ശ്മശാനത്തിലാണ് സംസ്കാരം. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും.
മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച അർധരാത്രിയോടെയാണ് രത്തൻ ടാറ്റയുടെ അന്ത്യം. രക്തസമ്മർദം കുറഞ്ഞ് അവശനായ അദ്ദേഹത്തെ തിങ്കളാഴ്ച പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1991 മുതൽ 2012 വരെ ടാറ്റാ ഗ്രൂപ്പ് ചെയർമാനായിരുന്നു.
ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെ മകനായി 1937 ഡിസംബർ 28നായിരുന്നു ജനനം. കോർണൽ സർവകലാശാലയിൽ നിന്ന് ആർക്കിടെക്ചറൽ എൻജിനീയറിങ് ബിരുദം. 1961 ല്‍ ടാറ്റ സ്റ്റീല്‍സില്‍ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേഹം 21 വര്‍ഷം ടാറ്റ ഗ്രൂപ്പിനെ നയിച്ചു.
ഇന്ത്യക്കാർക്കുവേണ്ടി ഇന്ത്യയിൽ രൂപപ്പെടുത്തിയ കാർ ആയി ടാറ്റ ഇൻഡിക്ക പുറത്തിറക്കിയതും ലോകത്തെ ഏറ്റവും വില കുറഞ്ഞ കാർ ആയി നാനോ പുറത്തിറക്കിയതും സ്വച്ഛ് എന്ന പേരിൽ സാധാരണക്കാർക്കു താങ്ങാവുന്ന വിലയുള്ള വാട്ടർ പ്യൂരിഫയർ പുറത്തിറക്കിയതും നേട്ടങ്ങളാണ്. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.