രണ്ടാം മത്സരത്തിലും ജയം: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ
Wednesday, October 9, 2024 10:34 PM IST
ന്യൂഡൽഹി : ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര ജയം. ഡൽഹി അരുണ് ജേയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 86 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 135 റൺസ് എടുക്കാനെ സാധിച്ചുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസ് നേടിയത്. നിതീഷ് റെഡ്ഡിയുടെയും റിങ്കു സിംഗിന്റെയും ഹാർദിക് പാന്ധ്യയുടെയും മികവിലാണ് വമ്പൻ സ്കോർ നേടിയത്. നിതീഷ് റെഡ്ഡിയും റിങ്കു സിംഗും അർദ്ധസെഞ്ച്വറി നേടി.
34 പന്തിൽ നിന്ന് 74 റൺസ് നേടിയ നിതീഷ് ആണ് ഇന്ത്യയുടെ ടോപ്സ്കോറർ. റിങ്കു 53 ഉം ഹാർദിക് 32 ഉം റൺസ് നേടി. ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹോസൈൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ടാസ്കിന് അഹമ്മദ്, തൻസിൻ ഹസൻ, മുസ്താഫിസുർ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. മഹമദുല്ലയ്ക്ക് മാത്രമാണ് തിളങ്ങാനായത്. ഇന്ത്യക്കു വേണ്ടി വരുൺ ചക്രവർത്തി രണ്ടു വിക്കറ്റ് വീഴ്ത്തി. അർഷ്ദീപ് സിംഗ്, നിതീഷ് റെഡ്ഡി, വാഷിംഗ്ട്ടൻ സുന്ദർ, അഭിഷേക് ശർമ, മയങ്ക് യാദവ്, റയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.