മുഖ്യമന്ത്രിക്ക് എന്ത് വിശ്വാസ്യതയുണ്ട്; തനിക്ക് അധികാരം ഉണ്ടോ എന്ന് ഉടൻ അറിയുമെന്ന് ഗവർണർ
Wednesday, October 9, 2024 7:06 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിണറായി വിജയന് എന്ത് വിശ്വാസ്യതയുണ്ടെന്ന് ഗവർണർ. ഭരണത്തലവനെ എന്തിന് ഇരുട്ടിൽ നിർത്തിയെന്നും ഗവർണർ ചോദിച്ചു.
മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നും ഗവർണർ ആവർത്തിച്ചു. തനിക്ക് മറുപടി നൽകാൻ വൈകിയത് എന്തോ ഒളിക്കാനുള്ളതുകൊണ്ടാണ്. തന്റെ കത്തിനു മറുപടി തരാൻ 20 ലേറെ ദിവസം മുഖ്യമന്ത്രി എടുത്തു.
തനിക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് ഭരണഘടന ബാധ്യത ഉണ്ട്. രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തം. തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയുമെന്നും ഗവർണർ പറഞ്ഞു.
ദേശവിരുദ്ധ പ്രവർത്തനം നടന്നെങ്കിൽ എന്തുകൊണ്ട് അറിയിച്ചില്ലെന്നും ഗവർണർ ചോദിച്ചു. ഹിന്ദു പറഞ്ഞതാണോ മുഖ്യമന്ത്രി പറഞ്ഞതാണോ സത്യം. പിആർ വിവാദത്തിൽ ആരെ വിശ്വസിക്കണം. ഹിന്ദു പത്രത്തിനെതിരേ എന്തുകൊണ്ട് കേസെടുത്തില്ലെന്നും ഗവർണർ ചോദിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണർക്ക് കത്തയച്ചിരുന്നു. വിവരങ്ങൾ അറിയിക്കുന്നതിൽ ബോധപൂർവമായ വീഴചയില്ലെന്നും തനിക്ക് ഒന്നും മറയ്ക്കാനില്ലെന്നും ഗവർണർക്ക് മുഖ്യമന്ത്രി മറുപടി നൽകി.
ഗവർണറെ എല്ലാ കാര്യങ്ങളും കൃത്യമായി അറയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ ബോധപൂർവമായ വീഴ്ച വരുത്തിയിട്ടില്ല. ദേശവിരുദ്ധ പരാമർശം താൻ നടത്തിയിട്ടില്ല. സ്വർണക്കടത്ത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇത് കൂടുതലായും കേന്ദ്രത്തിന്റെ ചുമതലയാണ്. സ്വർണക്കടത്ത് തടയുന്നതിനുള്ള നടപടികൾ ഫലപ്രദമായി സ്വീകരിക്കാൻ കേന്ദ്രത്തോട് ഗവർണർ ആവശ്യപ്പെടണമെന്നും ഗവർണർക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി വിശദീകരിക്കുന്നു.