അടിയും തിരിച്ചടിയുമായി മുഖ്യമന്ത്രിയും ഗവർണറും; സ്വർണക്കടത്ത് തടയാൻ കേന്ദ്രത്തോട് ഗവർണർ ആവശ്യപ്പെടണമെന്ന് മുഖ്യമന്ത്രി
Wednesday, October 9, 2024 6:50 PM IST
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് കത്തയച്ചു. വിവരങ്ങൾ അറിയിക്കുന്നതിൽ ബോധപൂർവമായ വീഴചയില്ലെന്നും തനിക്ക് ഒന്നും മറയ്ക്കാനില്ലെന്നും ഗവർണർക്ക് മുഖ്യമന്ത്രി മറുപടി നൽകി.
ഗവർണറെ എല്ലാ കാര്യങ്ങളും കൃത്യമായി അറയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ ബോധപൂർവമായ വീഴ്ച വരുത്തിയിട്ടില്ല. ദേശവിരുദ്ധ പരാമർശം താൻ നടത്തിയിട്ടില്ല. സ്വർണക്കടത്ത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇത് കൂടുതലായും കേന്ദ്രത്തിന്റെ ചുമതലയാണ്. സ്വർണക്കടത്ത് തടയുന്നതിനുള്ള നടപടികൾ ഫലപ്രദമായി സ്വീകരിക്കാൻ കേന്ദ്രത്തോട് ഗവർണർ ആവശ്യപ്പെടണമെന്നും ഗവർണർക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി വിശദീകരിക്കുന്നു.
മലപ്പുറം പരാമർശ വിവാദത്തിൽ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ കത്തയച്ചിരുന്നു. സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചു വെക്കാൻ ആകില്ലെന്നും കത്തിൽ ഗവർണർ പറയുന്നു.
താൻ ചോദിച്ച കാര്യങ്ങൾ ബോധിപ്പിക്കാത്തത് ചട്ട ലംഘനമാണ്. ഭരണഘടനാ ബാധ്യത നിറവേറ്റാത്തതായി കണക്കാക്കുമെന്നും ഗവർണർ പറയുന്നു. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണ്. മുഖ്യമന്ത്രി എന്തോ ഒളിക്കുന്നതായും ഗവർണറുടെ കത്തിൽ രൂക്ഷമായ വിമർശനമുണ്ട്.