"പൂരത്തെ സർക്കാർ ലാഘവത്തോടെ കണ്ടു; തേരിൽ എഴുന്നള്ളിച്ച് രക്ഷകനായി ആക്ഷൻ ഹീറോയെ എത്തിച്ചു'
Wednesday, October 9, 2024 12:55 PM IST
തിരുവനന്തപുരം: പൂരം കലക്കലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിൽ നിയമസഭയിൽ ചർച്ച ആരംഭിച്ചു. പൂരം കലക്കലില്‍ ജുഡീഷല്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കണമെന്ന് പ്രമേയം അവതരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
പൂരം കലക്കൽ വിഷയത്തിൽ സർക്കാരിനെതിരേ രൂക്ഷവിമർശനമാണ് തിരുവഞ്ചൂർ ഉന്നയിച്ചത്. പൂരം പോലെ ഒരു മഹാകാര്യത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കണ്ടെന്നും പൂരത്തെ രക്ഷിക്കാന്‍ വന്ന ഹീറോ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് സ്ഥാനം ഉണ്ടാക്കിക്കൊടുത്തെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
പൂരം കലങ്ങിയപ്പോള്‍ മന്ത്രിമാരായ കെ. രാജനും ആര്. ബിന്ദുവിനും സ്ഥലത്തെത്താന്‍ കഴിഞ്ഞില്ല. അതേസമയം, തേര് എഴുന്നെള്ളിക്കും പോലെയാണ് സുരേഷ്ഗോപിയെ കൊണ്ടുവന്നത്. ആക്ഷൻ ഹീറോ പരിവേഷമാണ് ഗോപിക്ക് കിട്ടിയത്. പോലീസ് അറിയാതെ എങ്ങിനെ സുരേഷ് ഗോപി ആംബുലൻസിൽ വന്നു. സേവാഭാരതിയുടെ ആംബുലൻസിന് പോകാൻ വഴി ഒരുക്കിയത് ആരാണ്, പോലീസല്ലേ. ഒരു രക്ഷകനാണ് സുരേഷ് ഗോപിയെന്നു വരുത്താനുള്ള ശ്രമമാണ് നടത്തിയതെന്നും തിരുവഞ്ചൂർ പറഞ്ഞു.
തൃശൂർ പൂരത്തിൽ എട്ടുവീഴ്ചകൾ ഉണ്ടായെന്നും തിരുവഞ്ചൂർ പറഞ്ഞു. മുന്നൊരുക്കങ്ങളിൽ വരെ വലിയ വീഴ്ചയുണ്ടായി. ആദ്യം എഴുന്നള്ളിപ്പ് വന്നപ്പോൾ സ്വകാര്യ വാഹനങ്ങൾ കാരണം തടസപ്പെട്ടു. ജനത്തെ പോലീസ് ശത്രുവിനെ പോലെ കണ്ടുവെന്നും എഴുന്നെള്ളിപ്പിനിടെ വാഹനങ്ങൾ നിയന്ത്രിക്കാൻ പോലും നടപടി ഉണ്ടായിരുന്നില്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറിന് കൊടുക്കാത്ത പ്രാധാന്യം എന്‍ഡിഎയുടെ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കു നല്‍കിയത് എന്‍ഡിഎ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.
അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് വാങ്ങുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പൂരം കലക്കലില്‍ പ്രതിസ്ഥാനത്തുള്ള ആള് അഞ്ചുമാസം കഴിഞ്ഞാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് വച്ചാണ് സര്‍ക്കാര്‍ ഇപ്പോഴും പിടിച്ചുനില്ക്കാന് ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പൂരം കലക്കലില്‍ അടിയന്തരപ്രമേയ നോട്ടിസ് തള്ളിക്കളയേണ്ടതാണെങ്കിലും പുകമറ സൃഷ്ടിക്കാനുള്ള പ്രതിപക്ഷ നീക്കം തുറന്നു കാണിക്കാനാണ് ചര്‍ച്ചയ്ക്ക് തയാറാകുന്നതെന്നുമാണ് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞത്.