തൃശൂര്‍ പൂരം കലക്കല്‍; നിയമസഭയില്‍ ഇന്ന് ആയുധമാക്കാന്‍ പ്രതിപക്ഷം
Wednesday, October 9, 2024 8:32 AM IST
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ സര്‍ക്കാറിനെതിരേ നിയമസഭയില്‍ ഇന്ന് പ്രതിപക്ഷം ആയുധമാക്കും. വിഷയത്തില്‍ അടിയന്തര പ്രമേയത്തിനാണ് പ്രതിപക്ഷ നീക്കം. പൂരം കലക്കലിലും എഡിജിപി എം.ആര്. അജിത് കുമാറിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയെന്നാണ് പ്രതിപക്ഷ ആക്ഷേപം.എന്നാല്‍ തൃശൂരില്‍ കോണ്‍ഗ്രസ് വോട്ട് ചോര്‍ച്ച അടക്കം ഉയര്‍ത്തിയാകും ഭരണപക്ഷ പ്രതിരോധം.
കഴിഞ്ഞദിവസം, ആര്‍എസ്എസ്- എഡിജിപി ബന്ധം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്തിരുന്നില്ല. ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ എത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം, പി.വി .അന്‍വര്‍ എംഎല്‍എയ്ക്ക് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ പുതിയ സീറ്റ് അനുവദിക്കും. നിയമസഭയില്‍ അന്‍വറിന്റെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കർ എ.എന്‍. ഷംസീറിന്റെ ഓഫീസ് അറിയിച്ചു. അന്‍വറിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം.